2012 ഡിസംബർ 2, ഞായറാഴ്‌ച

ഓര്‍മക്കുറിപ്പുകള്‍... മുംബായ്.1

                        ഒരു കയ്യില്‍ പ്രണയവും മറു കയ്യില്‍ കുടുംബ ഭാരവും ഏറ്റെടുത്തു പത്തൊമ്പതാം വയസ്സില്‍  മുംബൈയിലേക്ക് കാലിക്കറ്റ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരുപാടു പേരുടെ സഹായം കൊണ്ട് ഒപ്പിച്ചെടുത്ത ഒരു റിസേര്‍വ് ടിക്കെറ്റുമായി നേത്രാവതിയില്‍ യാത്ര തുടങ്ങുമ്പോള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 725 രൂപയും കുറേ അമ്പരപ്പും മാത്രമായിരുന്നു... പരിചയമില്ലാത്തവരെ അടുക്കാന്‍ സമ്മതിക്കരുത് ട്രെയിനില്‍ ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്... ഡോറില്‍ നില്‍ക്കരുത്... ജീവിതത്തില്‍ ആദ്യമായി തനിച്ചു കേരളാ സംസ്ഥാനത്തിന് അല്ലെങ്കില്‍ കുറച്ചു കൂടി കടന്നു പറയുകയാണെങ്കില്‍ മലപ്പുറം കോഴിക്കോട്പു അതിര്‍ത്തിയില്‍  ജനിച്ചു ജീവിതം  മുന്നോട്ടു നീങ്ങുന്ന എനിക്ക്റ ഇവിടം വിട്ടു പുറത്തേക്കു  പോവാന്‍ തയ്യാറായ ഒരു പത്തൊന്‍പതു വയസ്സുകാരന് ഈ വാക്കുകളെല്ലാം മനസ്സില്‍ ഭയത്തിന്‍റെ കൊടുംകാറ്റിനു  രൂപം കൊടുക്കുകയായിരുന്നു...അനുസരണയോടെ വളര്‍ന്ന ഒരു പാവം നാട്ടിന്‍ പുറത്തുകാരന്‍റെ മനസ്സിന് അന്ന് അത്രേ ഉറപ്പുണ്ടായിരു. മുംബൈ മഹാനകരത്തെ കുറിച്ച് കേട്ടുമാത്രം പരിചയമുള്ള മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ ഭയം കൂട്ടുകയായിരുന്നു... ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും അകലാന്‍ തുടങ്ങുമ്പോള്‍ ആ ഭയം തണുപ്പ് അരിച്ചിറങ്ങുന്ന ഒരു കൂരിരുള്‍ ആയി മനസ്സില്‍ പടരുകയായിരുന്നു.
ബാഗ്‌ സീറ്നു താഴെ വച്ച് ചെയിന്‍ ഇട്ടു പൂട്ടി താക്കോല്‍ ഭദ്രമായി കഴുത്തിലെ മാലയില്‍ കോര്‍ത്തു. ആരും വന്നു സംസരിക്കാതിരിക്കാന്‍ സ്റ്റേഷന്‍റെ സമീപത്തെ ബുക്ക്‌ സ്റ്റാള്‍ നിന്നും വാങ്ങിയ ഏതോ നോവലിലെ താളുകളിലേക്ക് കണ്ണും നട്ടിരുന്നു... മനസ്സപ്പോഴും വീട്ടു മുറ്റത്ത് നിന്നും പോരാന്‍ മടി കാണിച്ചു നില്‍ക്കുകയായിരുന്നു...